യു.എ.ഇ.യിൽ ചെക്ക് മടങ്ങിയാൽ

: അടുത്തകാലത്തായി ചെക്ക് കേസുകളിൽ ജയിലിലേക്ക് പോയവരിൽ ഉന്നതർ വരെയുണ്ട്. അതോടെയാണ് ചെക്ക് മടങ്ങലിന്റെ നിയമങ്ങൾ ചർച്ചയായത്. പറഞ്ഞ സമയത്തിനുള്ളിൽ ചെക്ക് പണമായി മാറാൻ പറ്റാതെ വരുന്ന അവസ്ഥയ്ക്കാണ് ചെക്ക് ബൗൺസ് അല്ലെങ്കിൽ ചെക്ക് മടങ്ങൽ എന്നു പറയുന്നത്. ഇത് പല കാരണങ്ങൾകൊണ്ട് സംഭവിക്കാം. പ്രധാനമായും ചെക്ക് തന്ന പാർട്ടിയുടെ അക്കൗണ്ടിൽ പണമില്ലെങ്കിൽ ചെക്ക് മടങ്ങാം. ഒപ്പിലെ വ്യത്യസ്തത, പഴയ ചെക്കുകൾ, തീയതി കഴിഞ്ഞ ചെക്കുകൾ, ചെക്കിലെ തിരുത്തലുകൾ തുടങ്ങിയവാണ് ചെക്ക് മടങ്ങാനുള്ള മറ്റു കാരണങ്ങൾ. ചെക്ക് മടങ്ങുമ്പോൾ അതിന് ഉത്തരവാദിയായ (ചെക്ക് നൽകിയ) ആളിൽനിന്ന്‌ ബാങ്ക് പിഴ ഈടാക്കും. ചിലപ്പോൾ അയാൾക്ക് ജയിൽശിക്ഷയും ലഭിച്ചേക്കാം.

ഇക്കാര്യങ്ങളിൽ ശ്രദ്ധവേണം

* ചെക്ക് മാറുന്നതിനു മുൻപായി അക്കൗണ്ടിൽ ആവശ്യത്തിന് തുകയുണ്ടോയെന്ന് പാർട്ടിയോടു ചോദിക്കുന്നത് നല്ലതാണ് (പരസ്പര ധാരണയുള്ളവരുടെ കാര്യത്തിൽ മാത്രം). എല്ലാ തവണയും ഇങ്ങനെ ചോദിക്കേണ്ടിവരുന്നത് പ്രായോഗികവുമല്ല. അത്തരം സാഹചര്യങ്ങളിൽ നിയമനടപടി സ്വീകരിക്കുക മാത്രമാണ് പരിഹാര മാർഗം.

* ചെക്ക് ബൗൺസിനെതിരെ യു.എ.ഇ. നിയമമനുസരിച്ച് വഞ്ചനാ കുറ്റത്തിന് കേസ് ഫയൽ ചെയ്യാവുന്നതുമാണ്.

* സംഭാവനയായോ സമ്മാനമായോ നൽകിയ ചെക്കാണ് ബൗൺസ് ആയതെങ്കിൽ അത് കൈവശമുള്ളയാൾക്ക് ആ ചെക്ക് നൽകിയ ആൾക്കെതിരേ നിയമനടപടി സാധ്യമല്ല.

* ചെക്ക് ബൗൺസ് ആയാൽ ജയിൽശിക്ഷയോ കനത്ത പിഴയോ മാത്രമായിരിക്കില്ല അനന്തരഫലം. അത് ചെയ്തയാൾക്ക് ചെക്ക് ബുക്ക് സൗകര്യം നിഷേധിക്കാനോ അയാളുടെ അക്കൗണ്ട് തന്നെ റദ്ദാക്കാനോ ഉള്ള അവകാശം ബാങ്കിനുണ്ട്.

* വായ്പാ തിരിച്ചടവിനുള്ള ചെക്കാണ് മടങ്ങുന്നതെങ്കിൽ ബാങ്ക് ബന്ധപ്പെട്ട വ്യക്തിക്ക് നോട്ടീസ് അയയ്ക്കും.

നിയമനടപടികൾ ഇങ്ങിനെ

* യു.എ.ഇ പീനൽ കോഡ് 1987, ഫെഡറൽ നിയമപ്രകാരം ബാങ്ക് അക്കൗണ്ടിലെ ബാലൻസ് കുറവ് കാരണമുള്ള ചെക്ക് മടങ്ങൽ മൂലം നിങ്ങൾക്കെതിരേ ക്രിമനൽ നടപടിവരെ സ്വീകരിക്കാം.

* അവിശ്വാസം, മതിയായ ബാലൻസ് ഇല്ലാതെ ഒരു ചെക്ക് നൽകുക, അല്ലെങ്കിൽ ഒരു ചെക്ക് നൽകിയ ശേഷം അക്കൗണ്ടിലുള്ള ബാലൻസിന്റെ എല്ലാ ഭാഗവും പിൻവലിക്കുക എന്നിവ ചെയ്യുന്ന ഏതൊരാൾക്കും തടവോ അല്ലെങ്കിൽ പിഴയോ ചുമത്തപ്പെടും.

* തടവോ, പിഴയോ കൊണ്ട് ഇത്തരത്തിലുള്ള കേസ് തീരണമെന്നുമില്ല. കാരണം തുക കിട്ടേണ്ട ആൾ, ഈ തുകക്ക് വേണ്ടി, സിവിൽ കേസ് കൊടുത്താൽ, കോടതി ആ തുക 12 ശതമാനം പലിശ ഉൾപ്പെടെ കൊടുക്കാൻ വിധിക്കും, കൂടാതെ കോടതി ചെലവും കൊടുക്കേണ്ടി വരും.

* ഒരു ചെക്ക് മടങ്ങിയാൽ, അഞ്ച് വർഷം വരെ യു.എ.ഇ. നിയമപ്രകാരം ക്രിമിനൽ കേസും, 15 വർഷം വരെ സിവിൽ കേസും കൊടുക്കാവുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട്: അഡ്വ. ഡോ. ഹരീഷ് പവിത്രൻ (050 1750107)